തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

തിരുവനന്തപുരത്ത് 18കാരന്‍ ഇടിമിന്നലേറ്റ് മരിച്ചു. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആണ് മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപ്പാറയില്‍ എത്തുന്നത്.

ഇവര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ പ്രദേശത്ത് മഴ ശക്തമായി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നല്‍ കൂടി ആരംഭിച്ചതോടെ മിഥുനും സുഹൃത്തുക്കളും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറയ്ക്കടിയില്‍ കയറി നിന്നു. ഇവിടെ വച്ചാണ് മിഥുനും കൂട്ടത്തില്‍ ഒരാളിനും ഇടിമിന്നലേറ്റത്.

Read more

ഇരുവര്‍ക്കും മിന്നലേറ്റതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഷൈനു ഉടന്‍ തന്നെ താഴെയെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുന്റെ ജീവന്‍ രക്ഷിക്കാനായില്ല.