ഏഴ് വർഷത്തിനിടയിൽ കേരളത്തിൽ 2239 ഉരുൾപൊട്ടലുകൾ ഉണ്ടായതായി കേന്ദ്രത്തിന്റെ 2022 ലെ കണക്കുകൾ. 2015 മുതൽ 2022 വരെ ഉള്ള കാലയളവിലെ കണക്കാണ് റിപ്പോർട്ടിലുള്ളത്. ഈ കാലയളവിൽ രാജ്യത്താകമാനം 3782 ഉരുൾപൊട്ടലുകളാണുണ്ടായതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പശ്ചിമ ബംഗാൾ ആണ് രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ 376 തവണയാണ് ഉരുൾപൊട്ടിയത്. തൊട്ടുപിന്നിൽ തമിഴ്നാട് (196), കർണാടക (194), ജമ്മു & കശ്‌മീർ (184) എന്നിവിടങ്ങളാണ് ഉരുൾപൊട്ടലുകൾ കൂടുതൽ നടന്ന സംസ്ഥാനങ്ങൾ.
ഇതിൽ 2018, 2019, 2021 വർഷങ്ങളിൽ വിനാശകരമായ വെള്ളപ്പൊക്കത്തിന് കേരളം സാക്ഷ്യം വഹിച്ചു. 2019-20 നും 2022 നും ഇടയിൽ ജലവൈദ്യുത ദുരന്തങ്ങൾ മൂലം കേരളത്തിൽ 422 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ കാലയളവിൽ രാജ്യത്തെ ആകെ മരണസംഖ്യ 7,102 ആണ്.
അതേസമയം 2001 മുതൽ 21 വരെയുള്ള 20 വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ 2 വർഷത്തെ കണക്കുകൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.