ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ നിന്നു ലഭിച്ചത് 290 ദിവസം അധിക അവധിയെന്ന് കണക്കുകള്‍. ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ്, അനൂപ്, അണ്ണന്‍ സിജിത്ത്, റഫീഖ്, ട്രൗസര്‍ മനോജ്, മുഹമ്മദ് ഷാഫി, ഷിനോജ്, രജീഷ് എന്നിവര്‍ക്കായി 290 ദിവസം അധിക അവധി നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്.
ജയില്‍ ചട്ടപ്രകാരമുള്ള അവധിക്കു പുറമേയാണിത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അവധി അനുവദിച്ചതിന്റെ മറവിലാണ് ഇത്തരത്തില്‍ ടിപി കേസ് പ്രതികള്‍ക്ക് അധിക അവധി അനുവദിക്കപ്പെട്ടത്. കേസിലെ പ്രതികള്‍ പൊതുജനത്തിന് ഭീഷണിയല്ലെന്നായിരുന്നു മുഖ്യമന്ത്രി മുന്‍ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
2014 മുതല്‍ 2019 വരെ 327 ദിവസമാണ് കേസിലെ അന്തരിച്ച പ്രതി പി കെ കുഞ്ഞനന്ദന് അവധിയായി അനുവദിച്ചത്. 2020ല്‍ ജാമ്യത്തിലറങ്ങിയ കുഞ്ഞനന്ദ് അതേവര്‍ഷം അന്തരിക്കുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷത്തിനടുത്ത് ദിവസങ്ങള്‍ കുഞ്ഞനന്ദന്‍ ജയിലിന് പുറത്തായിരുന്നു. 2014ല്‍ ജയിലിലായ കെ സി രാമചന്ദ്രന് 291 ദിവസവും, 2017 മുതല്‍ കിര്‍മാണി മനോജിന് 180, അനൂപിന് 175, അണ്ണന്‍ സിജിത്തിന് 255, റഫീഖിന് 170, ട്രൗസര്‍ മനോജിന് 257, മുഹമ്മദ് ഷാഫിക്ക് 180, ഷിനോജിന് 150, രജീഷിന്160 ദിവസം എന്നിങ്ങനെ അവധി നല്‍കിയിട്ടുണ്ട്.
Read more
2020-ല്‍ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കോവിഡ് അവധി കൂടാതെയാണിതെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊടി സുനി ഒഴികെയുള്ളവരെല്ലാം കോവിഡ് സാഹചര്യത്തിലെ പ്രത്യേക അവധിയില്‍ ജയിലിന് പുറത്താണ്. 2018-ല്‍ 60 ദിവസത്തെ അടിയന്തര, സാധാരണ അവധി മാത്രമാണ് ഇതുവരെ കൊടി സുനിക്കു ലഭിച്ചത്.