കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു; ആദ്യ ഗഡു ശമ്പളം ഉടൻ നൽകുമെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി അറിയിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നതായും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജീവനക്കാർക്ക് പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകും. നേരത്തെ ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.