'സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്': കാന്തപുരം

സ്വാതന്ത്ര്യം ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തതിനാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവകാശമുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് വിദേശ ശക്തികളില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ അവകാശം ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് കരുതി ആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തില്‍, മറ്റാരുടെയും സ്വസ്ഥതയ്ക്ക് ഭംഗം വരുത്താത്ത വിധത്തിലാവണം ഇടപെടല്‍. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ജാതി മത ഭേദമന്യേ ഇന്ത്യക്കാര്‍ എന്ന ഒറ്റപരിഗണയില്‍ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിന്റെ ഫലമായാണല്ലോ നമുക്ക് വൈദേശിക ശക്തികളില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്.
ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്. ആ അവകാശം ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണ്.
രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തില്‍, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം ഏവരുടെയും ഇടപെടല്‍. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുള്ള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകള്‍.
എപ്പോഴും മറ്റേത് രാജ്യത്തിന് മുമ്പിലും ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യാ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏത് കാലത്തുമുള്ള ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.
വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന വികാരമാണ് ഇന്ത്യ. വൈജ്യാത്യങ്ങളെ നശിപ്പിക്കാനും ഒന്നിന് മീതെ മേല്‍ക്കോയ്മ നേടാന്‍ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുമ്പോള്‍ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേല്‍ക്കുന്നത്. വൈജ്യാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവര്‍ക്കും സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നത്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
ഗ്രാന്‍ഡ് മുഫ്തി, ഇന്ത്യ