സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സരിത എസ് നായര്‍ക്ക് നല്‍കാനാകില്ലെന്ന് ഹൈക്കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കും എതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത തേടിയത്. തനിക്കെതിരെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്. സ്വപ്‌നയുടെ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ തള്ളിയിരുന്നു. അതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്ന് നേരത്തെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read more
സ്വപ്‌നയുടെ മൊഴിയില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതേ കുറിച്ച് വിശദമായി അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.