ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍ക്കാര്‍ സഹായിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ്. ശിവശങ്കറിന് ‘ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വന്‍ സ്വാധീനം, തെളിവു നശിപ്പിക്കാന്‍ സാധ്യത’എന്ന മട്ടില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മുഖ്യമന്ത്രിയോ സര്‍ക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തില്‍ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല, നടത്തുകയുമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ രൂപം,
ഇന്നലെ ശിവശങ്കര്‍ ഐ.എ.എസിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനം പറയുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണാജനകമാണ്. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്പെന്‍ഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ആള് ഇന്ത്യ സര്‍വ്വീസില്‍ നിന്നും ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കൊണ്ടല്ല. അദ്ദേഹം ആള് ഇന്ത്യ സര്‍വ്വീസിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയപ്പോഴാണ് സസ്പെന്ഷന് ഉണ്ടായത്.
Read more
ഒരാള്‍ക്ക് അന്യായമായി സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന പ്രശ്നം വന്നു. അപ്പോഴാണ് സസ്പെന്‍ഡ് ചെയ്തത്. ഇതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയോ, മുന്നണിയോ തീരുമാനിച്ചു നടപ്പാക്കിയതുമല്ല. സ്പോര്‍ട്സ്, മൃഗ സംരക്ഷണം പോലുള്ള വകുപ്പിലാണ് ശിവശങ്കറിനെ പിന്നീട് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഏതെങ്കിലും വകുപ്പിലോ, ഓഫീസിലോ, ചീഫ് സെക്രട്ടറിയുടെ ഓഫീസിലോ, പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പിന്റെ ചാര്‍ജോ പിന്നീട് ശിവശങ്കറിന് നല്‍കിയിട്ടില്ല. ചട്ടപ്രകാരം സസ്പെന്ഷന് പിന്‍വലിച്ചാല്‍ ഏതെങ്കിലും ചുമതല ഏല്‍പ്പിക്കണം. അങ്ങനെ ചുമതല ഏല്‍പ്പിക്കലാണുണ്ടായത്.ശിവശങ്കരനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്പെന്ഷന് ശുപാര്‍ശ ചെയ്തത്. സസ്പെന്‍ഡ് ചെയ്യുന്ന ഘട്ടത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അദ്ദേഹം ഏജന്‍സികളുടെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്നില്ല. എഫ്.ഐ.ആര് ഉണ്ടാവുന്നതിന്് മുന്‍പ് ആണ്, അതായത് ആരോപണ വിധേയനായ ഘട്ടത്തില്‍ ആണ് സര്‍ക്കാര്‍ അദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് 2021 ഒക്ടോബര്‍ 10 നാണ്. അതിനും മൂന്ന് മാസം മുന്‍പ് തന്നെ സര്‍ക്കാര്‍ ഉചിതമായ ശിക്ഷ നടപടി സ്വീകരിച്ചിരുന്നു. 2020 ഒക്ടോബര്‍ 10 മുതല്‍ 2021 ഫെബ്രുവരി 3 വരെ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഈ കാര്യം ചൂണ്ടി കാട്ടിയാണ് 09.07.2021-ന് ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടിയത്. അതിന് ശേഷം പിന്നീട് ആറ് മാസവും സസ്പെന്ഷന് നീട്ടി. ഈ കാലാവധി അടക്കം ഒന്നര വര്‍ഷമാണ് ആകെ സസ്പെന്ഷന് കാലം.മുഖ്യമന്ത്രിയിലും, സര്‍ക്കാരിലും, ഭരിക്കുന്ന പാര്‍ടിയിലും അളവറ്റ സ്വാധീനവും പിടിപാടുമുള്ള വ്യക്തി എന്ന് ആരോപിക്കപ്പെടുന്ന ശിവശങ്കര്‍ ജയില്‍ മോചിതനായതിനു ശേഷവും പതിനൊന്ന് മാസം സസ്പെന്‍ഷനില്‍ നിന്നു എന്നത് ആര്‍ക്കാണ് മറച്ചു വെക്കാന്‍ കഴിയുക? 6 മാസത്തിലധികം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഷനില്‍ തുടരണമെങ്കില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. ഇതടക്കം യൂണിയന് സര്‍ക്കാരിന്റെ കീഴിലെ സെന്‍ട്രല്‍ റിവ്യു കമ്മറ്റിയെ അറിയിച്ച ശേഷമാണ് ശിവശങ്കറെ തിരിച്ചെടുത്തത്. 2022 ജനുവരി 4 നാണ് സസ്പെന്ഷന് പിന്‍വലിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റിയാണ് സസ്പെന്ഷന് പിന്‍വലിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ഇതില്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികള്‍ സംബന്ധിച്ചുള്ള ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷം വരെ മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താനാവൂ എന്നതാണ്. അതിനുശേഷം സസ്പെന്ഷന് ദീര്‍ഘിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. സസ്പെന്ഷന് നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളം കത്തെഴുതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ ആവശ്യത്തോട് പ്രതികരിച്ചതേയില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് ഒരു തരത്തിലുള്ള അനുഭാവവും സര്‍ക്കാര്‍ കാട്ടിയതായി ആര്‍ക്കും പറയാനാവില്ല. ശിവശങ്കര്‍ സര്‍ക്കാരിനെതിരെ കേസ് നടത്തി കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ ശിവശങ്കറിനെ സഹായിക്കുന്നു എന്ന വാദം പൊളിയുന്നു.സര്‍വീസിലിരിക്കെ കേസില്‍ പെടുന്നതും സസ്പെന്‍ഡ് ചെയ്യുന്നതും, ചട്ടപ്രകാരം തിരിച്ചെടുക്കുന്നതും പുതിയ കാര്യമല്ല. അഖിലേന്ത്യാ സര്‍വീസ് കോണ്ടാക്ട് & ഡിസിപ്ലിനറി റൂള്‍സ് പ്രകാരമാണ് ഒരു ഐ.എ.എസ് / ഐ.പി.എസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രാഥമികമായ പെരുമാറ്റദൂഷ്യം വരികയോ ആരോപണ വിധേയനാവുകയോ ചെയ്യുമ്പോഴാണ് സസ്പെന്ഷന് പോലെയുള്ള അച്ചടക്കനടപടികള്‍ എടുക്കേണ്ടതായി വരുന്നത്. സര്‍വ്വീസിലിരിക്കേ ശിവശങ്കര്‍ സ്വയം വിരമിക്കലിനു അപേക്ഷിച്ചിരുന്നു. അത് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അവധി അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ നിരസിച്ചാണ് സസ്പെന്‍ഡ് ചെയ്തത്. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. അതുവരെ പെന്ഷന് ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. ഇതൊക്കെയാണോ `സ്വാധീനത്തിന്റെ’ ലക്ഷണങ്ങള്‍?ഒരു ഉദ്യോഗസ്ഥന് ആരോപണവിധേയനായാല്‍ സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് നീട്ടിക്കൊണ്ടു പോകുന്നതിന് മതിയായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സസ്പെന്ഷന് റിവ്യൂ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയില്ലായെങ്കില്‍ സാധാരണഗതിയില്‍ സസ്പെന്ഷന് റദ്ദാക്കി അവര്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയാണ് മാര്‍ഗം. ഇത്തരത്തില്‍ നിരവധി ആളുകളെ പല കാലഘട്ടങ്ങളിലെ ഗവണ്മെന്റുകള് തിരിച്ചെടുത്തിട്ടുള്ളത്.മുന്‍ ഡി.ജി.പി ആയിരുന്ന ജയറാം പടിക്കല്‍ രാജന് തിരോധാന കേസുമായി ബന്ധപ്പെട്ട സെഷന്‍സ് കോടതി ശിക്ഷിക്കുക പോലും ചെയ്തിട്ട് അദ്ദേഹത്തെ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയും പിന്നീട് അദ്ദേഹം ഡി.ജി.പിയായി വിരമിക്കുകയും ചെയ്തിട്ടുണ്ട്. ടി.ഓ സൂരജ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ സസ്പെന്‍ഡ് ചെയ്യുകയും റിട്ടയര്‍മെന്റിനു മുന്‍പ് തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്താണ് മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആറുമാസത്തിലധികം സസ്പെന്‍ഷനില്‍ നിര്‍ത്തിയിട്ട് പോലും അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കുറ്റം കോടതി മുമ്പാകെ വിചാരണയിലൂടെ വിധി വരാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മോണ്സണ് മാവുങ്കലുമായി ബന്ധപ്പെട്ടുള്ള സംഭവത്തില്‍ ഐ.ജി ലക്ഷ്മണയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് എന്നാല്‍ പിന്നീട് തിരിച്ചെടുത്തു. മുന്‍ എ.ഡി.ജി.പി ആയിരുന്ന ജയരാജ്നെയും മുന്‍ ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിനേയും മുന്‍ ഇലക്ഷന് കമ്മീഷണര്‍ ആയിരുന്ന ടിക്കാറാം മീണയേയും പല കാലഘട്ടങ്ങളിലായി സസ്പെന്‍ഡ് ചെയ്യുകയും സസ്പെന്ഷന് റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്ന് ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതുമാണ്. ഇങ്ങനെ ഒട്ടേറെ പേരുകള്‍ ഉണ്ട്.ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ഈ കാലപരിധിക്കുള്ളില്‍ ഏതെങ്കിലും കോടതിയില്‍ നിന്ന് ശിക്ഷ അടക്കമുള്ളവ വന്നിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ അഖിലേന്ത്യാ സര്‍വീസ് & കോണ്ടാക്ട് ഡിസിപ്ലിനറി റൂള്‍സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു തരത്തിലുമുള്ള അസ്വാഭാവികത ഇല്ല. ദുസ്വാധീനമോ ഇടപെടലോ ഇല്ല. കേന്ദ്ര ഏജന്‍സി കോടതിയില്‍ ഉന്നയിച്ച വാദം മാത്രമാണ്, ശിവശങ്കറിന്റെ സ്വാധീനത്തെക്കുറിച്ചുള്ളത്. അത് സര്‍ക്കാരിന്റെ നടപടികളെ ബാധിക്കുന്നതല്ല.ശിവശങ്കറിന് ‘ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വന്‍ സ്വാധീനം; തെളിവു നശിപ്പിക്കാന്‍ സാധ്യത’എന്ന മട്ടില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇതുകൊണ്ട് തന്നെ തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മുഖ്യമന്ത്രിയോ സര്‍ക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തില്‍ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ല.