കേരളത്തില്‍ 'ഹര്‍ ഘര്‍ തിരംഗ' അട്ടിമറിച്ചു; രാഷ്ട്രീയ കാഴ്ചപ്പാടോടെ സി.പി.എം പരിപാടിയെ തമസ്‌കരിച്ചെന്ന് പി.കെ കൃഷ്ണദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ പരിപാടി സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്‌കരിച്ചു. 90 ശതമാനം സ്‌കൂളുകളിലും പതാക എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും പതാക ഉയര്‍ത്തുന്ന പരിപാടി നടപ്പിലാക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വേണ്ട വിധത്തില്‍ പതാക വിതരണം ചെയ്തില്ല. കുട്ടികളില്‍ നിന്ന് പണം വാങ്ങിയിട്ടും 90 ശതമാനം സ്‌കൂളുകളിലും പതാക നല്‍കിയില്ല. ഇത് ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഹര്‍ ഘര്‍ തിരംഗ അട്ടിമറിക്കപ്പെടാന്‍ കാരണം. സര്‍ക്കാരിന്റെ ഈ നീക്കം ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. അതേസമയം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി.

മോഹന്‍ലാലും സുരേഷ്‌ഗോപിയും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്ന് മുതല്‍ 15-ാം തിയതിവരെ മൂന്ന് ദിവസത്തേക്ക് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്.