'പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു'; സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് ഇ. ശ്രീധരന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍. പരാജയത്തില്‍ നിന്നും പാഠം പഠിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ തനിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ സജീവമാകുന്നില്ല എന്നതിന് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും ശ്രീധരന്‍ പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയക്കാരന്‍ ആയല്ല രാഷ്ട്രീയത്തില്‍ വന്നത് മറിച്ച് ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേതിനെക്കാള്‍ അധികം മറ്റ് വഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, കെ.റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊങ്കണ്‍ റെയില്‍വെയുടെ ആദ്യഘട്ടം മുതല്‍ താനും അതില്‍ ഉണ്ടായിരുന്നും. അന്ന് സ്ഥലമേറ്റെടുക്കാന്‍ സുഖമായിരുന്നിട്ടും പദ്ധതി പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷമെടുത്തു. ശരിയായ പഠനം നടത്തി, അതിന് വേണ്ടമുഴുവന്‍ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ പദ്ധതി നടത്താന്‍ പാടുള്ളൂ എന്നു അദ്ദേഹം പറഞ്ഞു. സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും എന്നെ സമീപിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Read more

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും ഇ. ശ്രീധരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ഇ. ശ്രീധരനെ പരിഗണിക്കുമെന്ന രീതിയില്‍ ഉള്ള വാര്‍ത്തകളും തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.