കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ പണം സഹകരണ ബാങ്ക് നല്‍കിയിരുന്നു. ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യമുണ്ട്. മരണം ദാരുണമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം ബാങ്കിന് മുന്നില്‍ എത്തിച്ചത് മോശമായ കാര്യമാണ്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തികച്ചും അപലപനീയമാണെന്നും ആര്‍ ബിന്ദു പറഞ്ഞു. നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിനയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതേ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Read more
അതേസമയം ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്‌പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചുവെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.