'ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്'; എം.എം മണിയുടെ പരാമര്‍ശത്തില്‍ സഭ നിയന്ത്രിച്ച ഇ.കെ വിജയന്‍

കെ കെ രമയ്ക്ക് എതിരായ എം എം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം സഭയില്‍ പറയാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയന്‍. സ്പീക്കറുടെ സെക്രട്ടറിയോട് വിജയന്‍ ഇക്കാര്യം പറയുന്നത് സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലൂടെ പുറത്തുവന്നു.

എം എം മണി വിവാദപരാമര്‍ശം നടത്തുമ്പോള്‍ സിപിഐ എംഎല്‍എയായ ഇ കെ വിജയനാണ് ചെയറിലുണ്ടായിരുന്നത്.
‘ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്? സ്പീക്കര്‍ വരുമോ?’ എന്നാണ് അദ്ദേഹം സ്പീക്കറുടെ സെക്രട്ടറിയോട് ചോദിച്ചത്. പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം നടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം.

എന്നാല്‍ എം എം മണി പറഞ്ഞതില്‍ പിശകുണ്ടോയെന്ന് പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ കെ വിജയന്‍ പിന്നീട് വിശദീകരിച്ചു. പ്രസംഗിക്കുന്നവരാണ് ഔചിത്യം സ്വീകരിക്കേണ്ടത്. പരാമര്‍ശത്തിനിടെ നാട്ടുഭാഷകളും ഘടകമാവാമെന്നും അദ്ദേഹം പറഞ്ഞു

Read more

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.