കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തെ തുടര്‍ന്നുള്ള തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെവന്ന് മന്ത്രി ആര്‍ ബിന്ദു. തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പമാണ് താന്‍. തന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. പ്രശ്‌നത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സഹകരണ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. 25 കോടി രൂപ ബാങ്കിന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം ബാങ്കിന് മുന്നില്‍ കൊണ്ടുവന്ന് സമരം നടത്തിയത് മോശമായ കാര്യമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. മൃതദേഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഫിലോമിനയുടെ ചികിത്സയ്ക്ക് വേണ്ടി ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിരുന്നെന്നും മന്ത്രി ഇന്നലെ പറഞ്ഞു.
അതേസമയം നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിക്ഷേപക ഫിലോമിനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സഹകരണമന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി 25 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more
കഴിഞ്ഞ ഒരു മാസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സക്കായി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.