എറണാകുളം അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. സംഭവം നടന്ന ദിവസം മരിച്ച ബിനീഷ് പെട്രോൾ വാങ്ങി വീട്ടിലേക്ക് തിരികെ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. അതേസമയം തീപിടിത്തമുണ്ടായ കിടപ്പുമുറിയിൽ നിന്നും പെട്രോൾ കാനും കണ്ടെത്തിയിരുന്നു. എന്നാൽ രാസ പരിശോധനാഫലം പുറത്ത് വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു.
ആലുവയിലെ പെട്രോൾ പമ്പിൽനിന്നുമാണ് മരിച്ച ബിനീഷ് കാനിൽ പെട്രോൾ വാങ്ങിയത്. ഇയാൾ പെട്രോൾ വാങ്ങി തിരികെ വീട്ടിൽ കയറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. നാലുപേർ മരിച്ചുകിടന്ന കിടപ്പ് മുറിയിൽ നിന്നും കാനും കണ്ടെത്തിയിരുന്നു. അതേസമയം മലഞ്ചരക്ക് വ്യാപാരിയായിരുന്ന ബിനീഷിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ രണ്ട് സൂചനകളും വിരൽ ചൂണ്ടുന്നത് ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്വിൻ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം ഉണ്ടായത്. മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്.