എഡിഎമ്മായ നവീൻ ബാബുവിന് 98500 രൂപ കൈക്കൂലി നൽകി; വെളിപ്പെടുത്തി പമ്പ് ഉടമ

ചേരന്മൂല നിടുവാലൂരിൽ പെട്രോൾ പമ്പ് അനുവദിക്കാൻ കണ്ണൂർ എഡിഎമ്മായ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിൻ്റെ ആരോപണം.

പെട്രോൾ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് ഒക്ടോബർ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ അത് അദ്ദേഹം വിലക്കി. ​ഗൂ​ഗിൾ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. അത്രയും പണം കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാൽ മതി എന്ന് പറഞ്ഞു. തന്റെ കയ്യിൽ ഉള്ള പണവും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും ചേർത്ത് 98500 രൂപ നവീൻ ബാബുവിന് ഒക്ടോബർ ആറിന് തന്നെ നൽകിയെന്നും പ്രശാന്ത് പറയുന്നു.

അദ്ദേഹം ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉൾപ്പടെ ഫോൺ രേഖകൾ ഉണ്ട്. എന്നാൽ പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും ആ സമയത്ത് ഫോൺ വാഹനത്തിനകത്ത് ആയിരുന്നു എന്നും പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് പറഞ്ഞു. പണം കൊടുത്തില്ലെങ്കിൽ ഒരു കാരണവശാലും ഇത് കിട്ടില്ല അതിന് വേണ്ടത് ചെയ്തേ പോകൂ എന്ന് പറഞ്ഞ് അന്ന് നവീൻ ബാബു ഭീഷണിപ്പെടുത്തി. ഒടുവിൽ പണം നൽകിയെന്നും ഈ വിഷയത്തിൽ നേരത്തെ തന്നെ പിപി ദിവ്യയോട് പരാതി പറഞ്ഞതിനാൽ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞു എന്നും ദിവ്യ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറയുന്നു.

പരാതി നൽകിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയിൽ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. തുടക്കത്തിൽ ഒന്നും പണം ചോദിച്ചില്ലെന്നും ഫയൽ പഠിക്കട്ടെ എന്ന് മാത്രമായിരുന്നു മറുപടി എന്നും ശനിയാഴ്ചയാണ് ഫോൺ നമ്പർ വാങ്ങി വിളിച്ച് ക്വാട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടത് എന്നും പ്രശാന്ത് പറയുന്നു. ഭീഷണിപ്പെടുത്തിയതിനാലാണ് പണം നൽകിയത് എന്നും ഇല്ലെങ്കിൽ പണം നൽകില്ലായിരുന്നു എന്നും പ്രശാന്ത് വ്യക്തമാക്കി.