മലപ്പുറത്ത് നിപ ലക്ഷണങ്ങളുള്ള 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. അതേസമയം നിപ ബാധ സംശയിക്കുന്നതിനാൽ 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും.

നിപ രോഗലക്ഷണങ്ങളെ തുടർന്നാണ് 15കാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിള്ളത്. കുട്ടിയുടെ അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. സ്രവ സാംപിൾ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.

അതേസമയം മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അതിനിടെ ചികിത്സയിലുള്ള 15കാരന് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വൈകീട്ട് കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും കളക്ടര്‍ അറിയിച്ചു.