കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം; മണ്ണഞ്ചേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത് സന്തോഷ് ശെല്‍വം തന്നെയെന്ന് പൊലീസ്

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ഒരു ടാറ്റൂവാണ്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇത് ഒത്തുനോക്കി മോഷ്ടാവ് സന്തോഷാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ഇന്നലെയാണ് സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പൊലീസ് അതിസാഹസികമായ നാലുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.

സന്തോഷിനെക്കുറിച്ച് പൊലീസിന് വിശദ വിവരങ്ങള്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാസങ്ങളായി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു താമസം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ്.