സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നഗരസഭ വാര്‍ഡുകള്‍ വിഭജിക്കാനൊരുങ്ങിയ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ തിരിച്ചടി. ഏഴ് നഗരസഭകളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നേരത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു.

എന്നാല്‍ വാര്‍ഡുകള്‍ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. ഫറോക്ക്, കൊടുവള്ളി, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠപുരം എന്നീ വാര്‍ഡുകളിലെ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ വാര്‍ഡ് വിഭജനത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ് വിഭജനവും റദ്ദാക്കിയിട്ടില്ല.