വനം വകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാന്‍ ആസൂത്രിത ശ്രമം; കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് എകെ ശശീന്ദ്രന്‍

സംസ്ഥാനത്ത് വനം വകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും ഇതിന് പിന്നില്‍ ചില കേന്ദ്രങ്ങളുടെ ആസൂത്രിത ശ്രമമാണെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വന മഹോത്സവം 2024ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയാണ് സംസ്ഥാന വനം വകുപ്പ് സംഘടിപ്പിക്കുന്ന വന മഹോത്സവം 2024. വന്യജീവി ആക്രമണങ്ങളില്‍ ഒരാള്‍പോലും കൊല്ലപ്പെടരുതെന്നാണ് വകുപ്പിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേസമയം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണ്. 2016 മുതല്‍ 2024 വരെയുള്ള കണക്കുകളാണ് പലപ്പോഴും പെരുപ്പിച്ച് കാണിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Read more

2016 മുതല്‍ 2024വരെ മരണപ്പെട്ടവരുടെ കണക്കായി പറയുന്ന 848ല്‍ 573 പേരും പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടവരാണ്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഇതുപോലെ വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.