ശരീരത്തില്‍ പെല്ലെറ്റ് കണ്ടെത്തിയ ഒരു നായ ചത്തു; മറ്റൊരു നായ ചികിത്സയില്‍, അന്വേഷണം

ശരീരത്തില്‍ പെല്ലെറ്റ് കണ്ടെത്തി ചികിത്സയിലായിരുന്ന നായകളില്‍ ഒന്ന് ചത്തു. വാഹനമിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിച്ച നായയുടെ ശരീരത്തില്‍ നിന്ന് മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് പെല്ലെറ്റ് കണ്ടെത്തിയത്.

മൃഗസംരക്ഷകന്‍ പ്രദീപ് പയ്യൂരാണ് പരിക്കേറ്റ നായകളെ ആശുപത്രിയില്‍ എത്തിച്ചത്. ഒരേ ദിവസം ഗുരുവായൂരില്‍ നിന്നും പാലക്കാട് നിന്നും രക്ഷിച്ച നായകളുടെ ദേഹത്ത് നിന്നാണ് പെല്ലെറ്റ് കണ്ടെത്തിയത്. പെല്ലെറ്റ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

നായ്ക്കള്‍ റോഡപകടങ്ങളില്‍പ്പെട്ടും മറ്റും പരിക്കേറ്റ് കിടക്കുന്നതുകണ്ടാല്‍ നാട്ടുകാര്‍ പ്രദീപിനെ വിളിച്ച് അറിയിക്കാറുണ്ട്. ഇദ്ദേഹം നായകള്‍ക്കായി പാലക്കാട് സനാതന അനിമല്‍ ആശ്രമം എന്നപേരില്‍ സംരക്ഷണകേന്ദ്രം നടത്തുന്നുണ്ട്.