മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; കാരണം അന്വേഷിക്കാൻ പ്രത്യേക സംഘം

മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. മാന്തവാടിയിൽ നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ് ആന ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം. ആന ചരിയാനുണ്ടായ കാരണം വ്യക്തമല്ല. ആന ചരിഞ്ഞതായി കർണാടക പ്രിൻസിപ്പിൽ ഫോറസ്റ്റ് കൺസർവേറ്റർ സ്ഥിരീകരിച്ചു.

ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആനയുടെ പരിക്ക്, ശാരീരിക അവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. കേരളത്തിലെയും കർണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

പതിനേഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് മാന്തവാടിയിൽ നിന്നും കർണാടക വനംവകുപ്പിൻറെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിൽ ആനയെ എത്തിച്ചിരുന്നത്. ആന പൂർണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതർ സ്ഥിരീകരിക്കുന്നത്.

Read more

ഇന്നലെ പുലർച്ചെ മുതൽ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടർന്ന് എലിഫൻറ് ആംബുലൻസിൽ കർണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്കു ശേഷം തണ്ണീർ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം.