വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ദൗത്യം പരാജയപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കടുവയെ കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പുറത്ത് വന്നതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നരഭോജിയായ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന താലൂക്ക് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
കടുവയെ കൊല്ലാന്‍ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നതായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രദേശവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചതോടെ പ്രജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായി. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നടത്തിവന്ന ഉപവാസ സമരവും ഇതോടെ അവസാനിപ്പിച്ചു.
Read more
അതേ സമയം കടുവയ്ക്കായി വനം വകുപ്പ് ട്രാക്കിംഗ് വിദഗ്ധര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിന് പുറമേ സുല്‍ത്താന്‍ ബത്തേരി, മേപ്പാടി, കല്‍പ്പറ്റ ആര്‍ആര്‍ടി സംഘങ്ങളും മൂന്ന് സംഘങ്ങളായി പരിശോധന ആരംഭിച്ചു. കടുവ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.