നടക്കുന്നത് ആസൂത്രിത പ്രചാരണം; എഡിജിപി സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എംബി രാജേഷ്

ആർഎസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആർ അജിത്ത് കുമാ‍ർ സിപിഎമ്മുകാരനല്ലെന്ന് വ്യക്തമാക്കി മന്ത്രി എം.ബി രാജേഷ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആർ അജിത്കുമാർ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി എം രാജേഷിന്റെ പ്രതികരണം.

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ലെന്നും അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട്? മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ് എന്നും മന്ത്രി പറഞ്ഞു.

അതേസമയം തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ബിജെപി നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകിയിരിക്കുന്നത്. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനാണു വെളിപ്പെടുത്തിയത്. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നാണ് എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്നരോപിച്ചു കൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ചാ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. വിഡി സതീശന്റെ വെളിപ്പെടുത്തൽ ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു.