കെഎസ്ആര്‍ടിസിയും കേരള പൊലീസും സൂപ്പറാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റം പറയാന്‍ മിക്കവര്‍ക്കും നൂറു നാവാണ്. ഇടുക്കിയില്‍ നെടുംകണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ലാസ്റ്റ് കെഎസ്ആര്‍ടിസി ബസ് കട്ടപ്പനയില്‍ എത്തുന്നത് രാത്രി 9 മണിക്കാണ്. കൃത്യം 9.15 ന് ബസ് പുറപ്പെടും,
കട്ടപ്പന കോട്ടയം റൂട്ടിലുള്ള മിക്കവരുടെയും ‘ലാസ്റ്റ് ബസ് ‘ ആയതിനാല്‍ ഈ വണ്ടിയുടെ സമയവും റൂട്ടുമൊക്ക എല്ലാവര്‍ക്കും കൃത്യമായി അറിയാം. ഇന്ന് (29.01.2022) ബസില്‍ നടന്നൊരു സംഭവമാണ് പോസ്റ്റിനു ആധാരം. കട്ടപ്പനയില്‍ നിന്നും ബസ് പുറപ്പെട്ട് ഇരുപതേക്കര്‍ ആയപ്പോള്‍ വളരെ സംശയാസപ്പദമായ സാഹചര്യത്തില്‍ ഒരു ആറു വയസ് തോന്നിക്കുന്ന ആണ്‍കുട്ടിയെ കണ്ടക്ടര്‍ കണ്ടെത്തുന്നു.
അവന്‍ ഒറ്റക്കാണ്, ചോദിച്ചപ്പോള്‍ കോട്ടയം പോവുകയാണെന്നും കോട്ടയത്താണ് വീടെന്നും പറഞ്ഞു, കൂടെയാരുമില്ല, നെടുംകണ്ടത്തു നിന്നും വന്നതാണ് എന്നും പറഞ്ഞു. കണ്ടക്ടര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചു, അവന്റെ മറുപടിയില്‍ പൊരുത്തക്കേടുകളാണ് അധികവും. അദ്ദേഹം അപ്പോള്‍ തന്നെ ബെല്‍ അടിച്ചു ബസ് നിര്‍ത്തിച്ചു. ഉടന്‍ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ചു.ലോക്കല്‍ സ്റ്റേഷനിലേക്ക് കണക്ട് ചെയ്തുവരുവാനുള്ള ഒരു ചെറിയ താമസം..
ഉടനെ ഞങ്ങളും ഇടപെട്ടു പോലീസ് സ്റ്റേഷനിലെ നമ്പര്‍ അദ്ദേഹത്തിന് കൊടുത്തു, ഉടനെ വിളിച്ചു.. രണ്ട് മിനിറ്റിനകംവാട്‌സ്ആപ്പില്‍ ഒരു ഫോട്ടോ എത്തി. ‘ഈ കുട്ടിയാണോ ബസിലുള്ളതെന്നു ഒന്ന് പരിശോധിക്കുക.’ അദ്ദേഹം കൃത്യമായി പരിശോധിച്ചു. കുട്ടി അത് തന്നെ, നെടുംകണ്ടം തൂക്കുപാലത്തു നിന്ന് കാണാതായ ആണ്‍കുട്ടി ആയിരുന്നു അത്..
അഞ്ച് മിനിറ്റിനുള്ളില്‍ കട്ടപ്പന പോലീസ് സ്ഥലത്തെത്തി കുട്ടിയെ വളരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ട് പോയി . ATN 176 നമ്പര്‍ കെഎസ്ആര്‍ടിസി ബസിലെ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ഷാജി സുകുമാരന്‍ എന്ന കണ്ടക്ടറുടെ പക്വതയുള്ളതും അവസരോചിതമായ ഇടപെടല്‍ കൊണ്ട് ഒരു കുടുംബത്തിന് മകനെ തിരിച്ചു കിട്ടി.
സംഭവം മനസിലായ ഉടന്‍തന്നെ ബസ് ഒതുക്കി നിര്‍ത്തി കൃത്യമായി ഡോറും അടച്ചു മറ്റു യാത്രക്കാര്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ അവരെ ശാസിച്ചു നിലക്ക് നിര്‍ത്തി തിരുവനന്തപുരം സ്വദേശി K.M ജയമോന്‍ എന്ന ഡ്രൈവറും കൃത്യമായ മാതൃകയായി.
കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തിയ കട്ടപ്പന പോലീസ് സ്റ്റേഷനിലെ രഘു, അരുണ്‍ ഷാനവാസ്, ഫോണ്‍ വിളിച്ചു സഹായിച്ച അഭിലാഷ്, സബിന്‍ എന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും കട്ടപ്പനക്കാരുടെ നന്ദി അറിയിക്കുന്നു. ആ കുട്ടി ഇപ്പോള്‍ വീട്ടില്‍ എത്തി സുരക്ഷിതനായിട്ടുണ്ടാകും. ആ കുടുംബത്തിന് എത്രയോ ആശ്വാസവും സന്തോഷവും ഉണ്ടായി കാണും
എഴുത്ത്: ശ്യാം കല്ലന്‍കുഴിയില്‍
Read more
കടപ്പാട്: കട്ടപ്പനക്കാരന്‍