ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ സംഘം ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും; റെനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തിയിരുന്നു. കൂടാതെ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.

അതേസമയം, ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡപ്യൂട്ടി സൂപ്രണ്ടും അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റുമായ ഡോ.ആര്‍.രതീഷ് കുമാര്‍, ഡോ.ഫിലിപ് ഐസക്, ഡോ.പി.ജി.അനീഷ് എന്നിവരാണുള്ളത്.

മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിയോഗിച്ചത്. ഉമാ തോമസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. ഡോ.ടി.കെ.ജയകുമാറാണു മെഡിക്കല്‍ ബോര്‍ഡിന്റെയും അധ്യക്ഷന്‍.