പാലക്കാട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. ആന്തരിക രക്തസ്രാവമാണ് പുലി ചാവാൻ കാരണമെന്നാണ് സൂചന. മയക്കുവെടി വച്ചത് ശരീരത്തിൽ തട്ടി തെറിച്ചു പോയിയിരുന്നു. അതിനാൽ തന്നെ അൽപം മരുന്ന് മാത്രമെ പുലിയുടെ ശരീരത്തിൽ കയറിയിട്ടുള്ളൂവെന്നാണ് നിഗമനം. അതേസമയം പുലിയുടെ പോസ്റ്റ്മോർട്ടം നാളെ നടത്തും.
മണിക്കൂറുകൾ പുലി കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.
മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ ഉച്ചയോടെ കൂട്ടിലാക്കിയത്. വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ചത്. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണൻ്റെ പറമ്പിലെ കമ്പിവേലിയിൽ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ പുലി അക്രമാസക്തയായതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
അതേസമയം നിരന്തരമായി മയക്കുവെടിവെച്ച് പിടികൂടുന്ന കാട്ടുമൃഗങ്ങളിൽ ഏറെയും ചത്തൊടുങ്ങുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. ഈ അടുത്തിടെ മയക്കുവെടിവെച്ച് പിടികൂടിയ മൃഗങ്ങൾ പിന്നീട് ചാവുകയായിരുന്നു. എന്താണ് ഇതിന്റെ കാരണമെന്ന് പരിശോധിക്കാൻ പോലും വനം വകുപ്പ് തയാറാകുന്നുമില്ല. മയക്കുവെടി വയ്ക്കാനാണെങ്കിൽ പോലും പരിചയക്കുറവ് ഇതിലെ വലിയൊരു പ്രശ്നമാണ്. കുറഞ്ഞ അളവിലാണ് മയക്കുവെടി വെയ്ക്കാൻ മരുന്ന് ഉപയോഗിക്കുന്നതെങ്കിലും മരുന്നിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
തുടർച്ചയായി പിടികൂടുന്ന കാട്ടുമൃഗങ്ങൾ ചത്തൊടുങ്ങുമ്പോൾ ഇനിയെങ്കിലും വിഷയത്തിൽ കാര്യക്ഷമമായ ഒരന്വേഷണം ആവശ്യമാണ്. അക്രമകാരികളായ മൃഗങ്ങളാണെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രതിസന്ധിയെ കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ അന്വേഷണം ഇനിയെങ്കിലും നടത്തേണ്ടതുണ്ട്.