അബ്കാരി നിയമം ലംഘിച്ചു; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കേസ്. അബ്കാരി നിയമം ലംഘിച്ചതിന് എക്‌സൈസ് വകുപ്പാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നാണ് കേസ്. ഷാപ്പിന്റെ ഉദ്ഘാടന വീഡിയോ ആണ് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിൽ പങ്കവച്ചത്.

സംഭവത്തിൽ ഇക്കഴിഞ്ഞ ജൂലൈ 9 നായിരുന്നു ഞാറക്കല്‍ എക്‌സൈസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഉദ്ഘാടന ചടങ്ങ്. ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ള വീഡിയോ ദൃശ്യങ്ങളാണ് ബോബി ചെമ്മണ്ണൂർ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ് റിപ്പോര്‍ട്ട്, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി എന്നിവ എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. നാല് മാസം മുമ്പ് സമാനമായ കേസില്‍ കോഴിക്കോട് പൊലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതേസമയം ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് ബോബി ചെമ്മണ്ണൂരിനെ ഇഡി ചോദ്യം ചെയ്തിരുന്നു.