നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

കാസര്‍കോട് നീലേശ്വരം കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം. ക്ഷേത്ര പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവർക്കാണ് ജാമ്യം കിട്ടിയത്.

സംഭവത്തിൽ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസേടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി ഉണ്ടായത്. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതിനിടെ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതേസമയം അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.