എറണാകുളം കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഗുണ്ടാ സംഘങ്ങൾക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയുണ്ട്. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും സിപിഐ കാലടി ലോക്കൽ കമ്മിറ്റി ആരോപിച്ചു.
കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തുണ്ടായിരുന്ന വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു.
Read more
ഒരുമാസം മുന്‍പ് ഇവിടെ സിപിഎമ്മില്‍ നിന്ന് നാല്‍പ്പതോളം പേര് സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ ആയിരുന്നു തര്‍ക്കം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികൾ എത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികള്‍ ആണെന്ന് പൊലീസ് പറഞ്ഞു.