നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി വിധി ഇന്ന്, നിർണായകം

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത്.

വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സണ്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദ സന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണ്. പ്രൊസിക്യൂഷന്റെ ആവശ്യം തള്ളിയ വിചാരണ കോടതിയുടെ വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു സർക്കാരിന്റെ വാദം.