ഐജിയല്ല ഡിജിപി തൻ്റെ മൊഴിയെടുക്കണമെന്ന് എഡിജിപിയുടെ കത്ത്; പിന്നാലെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ തീരുമാനം

ഐജിയല്ല ഡിജിപി തൻ്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി എഡിജിപി എം ആർ അജിത്കുമാർ. എഡിജിപിക്കെതിരായ അന്വേഷണത്തിൽ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയോഗിച്ച തീരുമാനത്തിനെതിരെയാണ് എഡിജിപി കത്ത് നൽകിയത്. ഇതിന് പിന്നാലെ എഡിജിപിയുടെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്താൻ തീരുമാനമായി.

ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എഡിജിപി എം ആർ അജിത് കുമാർ കത്ത് നൽകിയത്. പിന്നാലെ ശനിയാഴ്ച അജിത് കുമാറിൻ്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ഡിജിപി തീരുമാനിക്കുകയായിരുന്നു. അതേസമയം പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് ശുപാർശ ചെയ്തു. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബ് അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നൽകും.

അതേസമയം സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സഖ്യ കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഡിജിപി എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ സഖ്യ കക്ഷികള്‍ എഡിജിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരെത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായെങ്കിലും അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ തയ്യാറായില്ല.