പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വയനാട് മേപ്പാടിയില്‍ സംഘടിപ്പിക്കാനിരുന്ന ബോചെ സണ്‍ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതി. പരിസരവാസികള്‍ നല്കിയ കേസിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. സുരക്ഷാ പ്രശ്നമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികളായ എം.സി. മാണിയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റ ഉത്തരവ്.
അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജില്ല ദുരന്തനിവാരണ അതോറിറ്റി മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയ ഇടത്താണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
പരിപാടി നടത്തുന്നത് ജില്ല കലക്ടര്‍ വിലക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. അനുമതി ലഭിച്ചാലും നിര്‍ദേശങ്ങള്‍ പാലിച്ചേ പരിപാടി നടത്താവൂ കോടതി ഉത്തരവിട്ടിട്ടുണ്ട്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഉത്തരവിട്ട കാര്യം കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
Read more
വയനാട്ടില്‍ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്താണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റുകൊണ്ടിരിക്കുമ്പോഴാണ് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.