കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചു, നഷ്ടപരിഹാരം കൈമാറി; ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്ന് കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ ആവശ്യങ്ങളിൽ ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി, കൈകൂപ്പി അപേക്ഷിച്ചതോടെയാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിച്ചത്.

അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തുതന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.

കാട്ടാന ആക്രമണത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹവുമായി വന്‍ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. നാട്ടുകാർ മൃതദേഹം എടുക്കാൻ വിസമ്മതിച്ചുകൊണ്ട്, കടുത്ത പ്രതിഷേധവുമായി നിലകൊള്ളുകയായിരുന്നു.

തുടർന്ന് ട്രെഞ്ചിങ്, സോളാർ ഫെൻസിങ് എന്നിവ ഇന്ന് തന്നെ തുടങ്ങുമെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി. 21ന് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങുമെന്നും അപകടം നടന്ന പ്രദേശത്ത് ഉടൻ ലൈറ്റുകൾ സ്ഥാപിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. പിന്നാലെ മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്ന് കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് പരശ്നപരിഹാരമായത്. അതേസമയം, കാട്ടാന ആക്രമണം സംബന്ധിച്ച വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ലെന്നും എംഎൽഎ ആരോപിച്ചു.