പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും ആനക്കൂട്ടമിറങ്ങി. രാത്രിയില്‍ പെരുന്തുരുത്തിക്കളം ഭാഗത്തിറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ വരെ വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ചു. ഏക്കര്‍കണക്കിനു കൃഷിനശിപ്പിച്ചു. പെരുന്തുരുത്തിക്കളം ഭാഗത്തെയും മേലെ ധോണിയിലെയും പനയും, തെങ്ങും, കവുങ്ങും വാഴയുമെല്ലാം ആനക്കൂട്ടം തരിപ്പണമാക്കി.
ആനയിറങ്ങിയെന്ന വിവരം വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ ഒട്ടേറെതവണ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍. പലതവണ ശ്രമിച്ചു. പരാജയപ്പെട്ടു. ഒടുവില്‍ പതിവ് ശൈലിയില്‍ ബഹളം വെച്ച് ആനയെ കാട് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു.
എന്നാല്‍ കാടിനെക്കാള്‍ നാട്ടുവഴികള്‍ നന്നായി അറിയുന്ന കാട്ടാനക്കൂട്ടം മടങ്ങാനൊരുക്കമായിരുന്നില്ല. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് മണി കഴിഞ്ഞിട്ടും ജനവാസമേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.
Read more
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇതേ ആനക്കൂട്ടം ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. പടക്കം പൊട്ടിയാലും പിന്തിരിയാത്ത പഴയ പിടി സെവന്റെ ശൈലി ഈ ആനകളും പിന്തുടരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം.