എഐ ക്യാമറയെ പറ്റിച്ച് മനഃപൂർവം 51 തവണ നിയമ ലംഘനം നടത്തിയ യുവാവ് പിടിയിൽ. ബൈക്കിന്റെ നമ്പർ മാറ്റി വെച്ച് പലതരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയ മൂവാറ്റുപുഴകാരനായ യുവാവാണ് ഒടുവിൽ പിടിയിലായത്. എഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചു. നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ഇതോടെയാണ് ട്രാഫിക് പൊലീസ് മനസിലാക്കുന്നത്. ഇയാൾ മൂന്നുപേരേ വച്ചും, ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
പിന്നീട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ തിരിച്ചറിയുകയായിരുന്നു. പ്രദേശവാശികൾ ഇയാളുടെ ഫോട്ടോ തിരിച്ചറിയുകയും തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് നൽകുകയായിരുന്നു. എഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്.
Read more
യുവാവ് കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നേരിട്ടെത്തി 57,000 രൂപ പിഴയടച്ചു. വാഹനം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.