75 കോടിയുടെ കരാര്‍ 232 കോടി ആയി; എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതി; എല്ലാ രേഖകളും കൈയിലുണ്ടെന്ന് രമേശ് ചെന്നിത്തല, ഉടന്‍ പുറത്തുവിടും

സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സ്ഥാപിച്ച എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ പദ്ധതിയുടെ പേരില്‍ റോഡുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്ന് 75 കോടി രൂപക്ക് കരാര്‍ ഉണ്ടായിരുന്നതായി അദേഹം വ്യക്തമാക്കി. ഇത് 232 കോടി രൂപയായി മാറിയതിന് പിന്നില്‍ വന്‍ കൊള്ള നടന്നിട്ടുണ്ട്. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഇല്ലെങ്കില്‍ താന്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കുന്ന കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്നുള്ള കരാര്‍ രേഖകകള്‍ അദേഹം പുറത്തുവിട്ടു. കെല്‍ട്രോണിനെ സര്‍ക്കാര്‍ പദ്ധതി ഏല്‍പ്പിച്ചപ്പോള്‍ ബംഗളുരു ആസ്ഥാനമായുള്ള എസ്ആര്‍ഐടിക്ക് അവര്‍ കൈമാറി. ഇക്കാര്യത്തിലെ ടെണ്ടര്‍ നടപടികള്‍ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാര്‍. എസ്ആര്‍ഐടി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് വീതിച്ചു കൊടുത്തു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്‌നിംഗ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട്ടെ പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏല്‍പ്പിച്ചത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റര്‍ക്കും 60 ശതമാനം പ്രിസാദിയോയ്ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇവരണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപന പ്രകാരം 232 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 75 കോടിയില്‍ നിന്ന് 232 കോടിയായത് എങ്ങനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെന്ന് ഇതിനെ പറയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎന്‍പിആര്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.