സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്ത കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം ആക്രമണം നടന്ന് നാലാം ദിവസമാകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറിലെ യാത്രക്കാരനല്ല പ്രതിയെന്ന പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
സ്‌കൂട്ടറില്‍ പോയത് നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എകെജി സെന്റര്‍ ആക്രണത്തില്‍ സ്ിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതുവരെ അന്വേഷണം നടന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ചുവന്ന സ്‌കൂട്ടറിലാണ് ആക്രമി എത്തിയതെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രതിക്ക് സ്ഫോടക വസ്തു എത്തിച്ച് നല്‍കിയത് മറ്റൊരാളാണെന്നും പൊലീസ് പറഞ്ഞിരുന്നു.
Read more
അതേസമയം എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആളെയാണ് അറസ്റ്റ് ചെയ്തത്. അന്തിയൂര്‍ കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. തുടര്‍ന്ന ഇയാളെ ഞായറാഴ്ച ഉച്ചയോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.