കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; റോഡുകളുടെ നിലവാരം പരിശോധിക്കാന്‍ അമിക്കസ്ക്യൂറി, നാല് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മൂന്ന്  അഭിഭാഷകരെ അമിക്കസ്ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്‍ചയ്ക്കുള്ളില്‍ അമിക്കസ്ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് റോഡുകളുടെ നിലവാരം പരിശോധിക്കാന്‍ അമിക്കസ്ക്യൂറിയെ നിയമിച്ചത്. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്‍റെ മരണം മറക്കില്ലെന്നും പറഞ്ഞു.

അതേസമയം യുവാവിന്‍റെ ദാരുണമരണത്തില്‍  നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്‍പെന്‍ഡ് ചെയ്‍തു. നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയർ ഈ പി സൈനബ, നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ  അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കെ എൻ സുർജിത്,  എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പി കെ ദീപ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരന്‍റെ നിർദേശ പ്രകാരമാണ് നടപടി.

Read more

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കുഴി അടയ്ക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാണിച്ചു. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് കോടതി മാപ്പ് ചോദിക്കുകയും ചെയ്തു.