സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ഇപ്പോള്‍ വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക, ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക, ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുൻകരുതലുകൾ.