നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ആക്രമണം നേരിട്ട സംഭവത്തില്‍ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ഉപദേശം നല്‍കിയത് പന്തീരീങ്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് കണ്ടെത്തി. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ആരോപണവിധേയന്‍.

എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പ്രതിയുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് രാഹുല്‍ നാടുവിട്ടത്. പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ ഇയാളാണ് രാഹുലിനെ ഉപദേശിച്ചത്.

രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാള്‍ സഹായങ്ങള്‍ നല്‍കിയതായാണ് വിവരം. രാഹുലുമായി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് എസ്എച്ച്ഒയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് നിലവില്‍ രാഹുലിന് വേണ്ടിയുള്ള അന്വേഷണം. അതേസമയം രാഹുലിന് ജര്‍മന്‍ പൗരത്വമില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാഹുലിന് ജര്‍മന്‍ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം പൊളിഞ്ഞു. രാഹുലിന് ഇപ്പോഴും ഇന്ത്യന്‍ പൗരത്വം തന്നെയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.