ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനില്‍ തട്ടി; കാസര്‍ഗോഡ് യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു

ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം. ദേശീയപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

ഉടന്‍ തന്നെ വൈദികനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
ഒന്നര വര്‍ഷം മുന്‍പാണ് ഫാ. മാത്യു ഇവിടെ വികാരിയായി ചുമതലയേറ്റത്.

Read more

കണ്ണൂര്‍ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍. സംസ്‌കാരം പിന്നീട്.