125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കാൻ മോദി; ട്രോളന്മാർക്ക് വിരുന്നൊരുക്കി അനിൽ ആന്റണിയുടെ പ്രസംഗം

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചർച്ചയല്ല ശരിക്കു പറഞ്ഞാൽ ട്രോളൻമാർക്ക് സദ്യ തന്നെയാണ് അനിൽ ആന്റണി നൽകിയത്.

“നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വ​ഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനിൽ ആന്റണിയുടെ പ്രസം​ഗം.

125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നിരവധിപ്പോരാണ് അനിൽ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തിയത്. 125 വർഷം അപ്പോ കുറേ കാത്തിരിക്കണം. നമ്മളൊക്കെ ഉണ്ടാകുമോ എന്തോ? എന്ന് തുടങ്ങി പരിഹാസരൂപേണ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രസംഗത്തിലെസബ്കാ പ്രയാസ് എന്ന പ്രയോഗം കൂടി ഇതിനോടകം തന്നെ വരിരുതന്മാർ ഏറ്റെടുത്തു കഴിഞ്ഞു.

Read more

മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. അടുത്തിടെയാണ് അനിൽ ആന്റണി കോൺ‌ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കെപിസിസി സൈബർ വിഭാ​ഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനിൽ ആന്റണി ബിബിസി വിഷയത്തിലടക്കം കോൺ​ഗ്രസുമായി ഇടഞ്ഞ ശേഷമാണ് ബിജെപിയോട് ചേർന്നത്.