കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആരോപണം പരിശോധിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു. അതേസമയം മൃഗബലി വിഷയത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞത് പരിശോധിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു. ഇങ്ങനെയൊരു കാര്യം നടന്നെങ്കിൽ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
അതേസമയം മൃഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമെന്ന് താൻ പറഞ്ഞിട്ടില്ല. രാജരാജേശ്വരി ക്ഷേത്രം എന്നാണ് പറഞ്ഞത്. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ല. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നുവെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.