ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്വെന്ഷന് സെന്ററില്‍ ചില ന്യൂനതകള്‍ പരിഹരിക്കാനുണ്ടെന്ന് ആന്തൂര്‍ നഗരസഭ. ഇതു പൂര്‍ത്തിയായാലുടന്‍ അന്തിമ അനുമതി നല്‍കുമെന്നും നഗരസഭ അറിയിച്ചു. കണ്വെന്ഷന് സെന്ററിന് മനഃപൂര്‍വ്വം അനുമതി നിഷേധിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കമുള്ളവര്‍ സസ്പെന്‍ഷനിലാണ്. ഇവര്‍ക്ക് പകരമെത്തിയ പുതിയ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ഇന്ന് കണ്വെന്ഷന് സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്ക് ശേഷമാണ് ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read more
21 യൂറിന്‍ കാബിനുകളാണ് പബ്ലിക് ടോയ്ലറ്റില് വേണ്ടത്. എന്നാല്‍ 14 എണ്ണമേയുള്ളൂ. ഇവിടെ ഏഴ് എണ്ണം കൂടി സ്ഥാപിക്കണം. ഒരു ടോയ്ലറ്റ് കൂടി നിര്‍മ്മിക്കേണ്ടതുണ്ട്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം എളുപ്പമാക്കാന്‍ വേണ്ടി നിര്‍മ്മിച്ച റാംപിന്റെ ചരിവ് കുറക്കണം. എന്നീ പുതിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ നടപ്പിലാക്കിയാല്‍ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാം എന്നാണ് നഗരസഭ പറയുന്നത്.
എന്നാല്‍ ഗ്രൗണ്ട് പാര്‍ക്കിംഗിലെ തൂണുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ച് മുന്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ച പ്രശ്നങ്ങള്‍ പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം സാജന് ആത്മഹത്യ ചെയ്തു പത്തു ദിവസം പിന്നിട്ടിടും സ്ഥാപനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കെ.സി ജോസഫ് എം..എല്‍എ നിയമസഭയില്‍ പറഞ്ഞു.