അൻവറിന്റെ ആരോപണം; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയുവെന്നുമാണ് ഡിജിപി അറിയിച്ചത്.

പൊതു വേദിയിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു.

അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിരുന്നു.