ഞായറാഴ്ച ഏകീകൃത കുര്‍ബാന നടപ്പാക്കണം; എല്ലാ വൈദികര്‍ക്കും അന്ത്യശാസനം നല്‍കി വത്തിക്കാന്‍; അനുസരണക്കേട് കാണിച്ചാല്‍ കാനോനിക നടപടി; വിമതര്‍ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു

എറണാകുളം അങ്കമാലി രൂപതയിലെ വൈദികര്‍ക്ക് ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അന്ത്യശാസനവുമായി വത്തിക്കാന്‍. 20ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്‍ അന്തിമ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം, ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം ഇല്ലായെങ്കില്‍ മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ വ്യക്തമാക്കി.

അടുത്ത ഞായറാഴ്ച മുതല്‍ അതിരൂപതയിലെ പള്ളികളില്‍ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന ചൊല്ലിത്തുടങ്ങണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം. സിനഡ് അംഗീകരിച്ച കുര്‍ബാന ചൊല്ലേണ്ടത് വൈദികരുടെ കടമയാണെന്ന് ഇതുസംബന്ധിച്ചിറക്കിയ കത്തില്‍ മാര്‍ സിറില്‍ വാസില്‍ വ്യക്തമാക്കി. തുടര്‍ച്ചയായ പ്രതിഷേധത്തിന്റെയും തിരസ്‌കരണത്തിന്റെയും ഫലം സഭയ്ക്ക് വലിയ ദോഷം വരുത്തുമെന്ന് കഴിഞ്ഞദിവസം ആര്‍ച്ച് ബിഷപ്പ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഏത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്‌കാരത്തിനു നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സീറോ മലബാര്‍ സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

എന്നാല്‍, ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ വത്തിക്കാനില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണമെന്നും നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നയതന്ത്ര പരിരക്ഷയില്ലെങ്കില്‍ മാര്‍ സിറില്‍ വാസിലിനെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും വിമതര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.