ടിവി കാണുന്നതിലെ തർക്കം; യുവാവിനെ മര്‍ദ്ദിച്ചു കൊന്നത് സഹോദരനും അമ്മയും ചേർന്ന്, റിമാൻഡിൽ

ഇടുക്കി പീരുമേട് യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തിന് കാരണം ടിവി വെക്കുന്നതുമായി ബദ്ധപ്പെട്ടുണ്ടായ തര്‍ക്കം. സംഭവത്തില്‍ അറസ്റ്റിലായ അമ്മയേയും സഹോദരനേയും റിമാന്‍ഡു ചെയ്തു. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28), അമ്മ തുളസി (56) എന്നിവരാ അറസ്റ്റിലായത്.

അഖില്‍ ബാബുവിനെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി ടിവി കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അടിപിടിയും നടന്നു.

ഇതിനിടെ കമ്പിവടിക്ക് അഖിലിന്റെ തലയ്ക്ക് അടിയേറ്റു. തടസം നിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ, അജിത്ത് വീടിന്റെ പരിസരത്തെ കമുകില്‍ അഖിലിനെ കെട്ടിയിട്ടുമര്‍ദ്ദിച്ചു. കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയുംചെയ്തു. കെട്ട് അഴിച്ചതോടെ അഖില്‍ കുഴഞ്ഞുവീണു. ഇതോടെ ഇരുവരും ചേര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു.

Read more

അജിത്താണ് കുറ്റകൃത്യം ചെയ്തത്. അമ്മ ഇതിന് കൂട്ടുനിന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി കണ്ടെത്തിയത്. അഖിലിന്റെ മൃതദേഹം സംസ്‌കരിച്ചു.