ആരിഫിന്റെ പരാമര്‍ശം വേദനാജനകം, പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നത്: അരിത ബാബു

തന്നെ പരിഹസിച്ച സി.പി.എം നേതാവും എം.പിയുമായ എ എം ആരിഫിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പരാമര്‍ശം വേദനാജനകമാണ്. പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണ് എന്നും അരിത പറഞ്ഞു.

ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പറഞ്ഞു.

ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എം.പി, താനുൾപ്പെടെ ഉള്ളവരുടെ ജനപ്രതിനിധിയാണ്. തന്നെ മാത്രമാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അദ്ധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം തനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അദ്ധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമര്‍ശം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണെന്നും അരിത വ്യക്തമാക്കി.

ഇത്​ പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്നും പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമായിരുന്നു ആരിഫിന്‍റെ പരാമർ​ശം. പരാമർശം അധിക്ഷേപകരമാണെന്ന്​ ചൂണ്ടിക്കാട്ടി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്​​. വിഷയത്തിൽ ആരിഫിന്‍റെ പ്രതികരണം വന്നിട്ടില്ല. കായംകുളത്ത് നടന്ന എൽ.ഡി.എഫ്​ തിരഞ്ഞെടുപ്പ്​ കൺവെൻഷനിടെയാണ് എ.എം ആരിഫ് അധിക്ഷേപ പ്രസംഗം നടത്തിയത്.

യു.ഡി.എഫ്​ സ്ഥാനാർത്ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയിൽ പ്രദേശത്ത്​ പ്രവർത്തിച്ച്​ വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ്​ നേതാക്കൾ അരിതയുടെ പശുവളർത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു.