മേഘമലയിൽ വിഹരിച്ച് അരിക്കൊമ്പൻ; ഇടഞ്ഞാൽ കൂട്ടിൽ അടയ്ക്കുമെന്ന് തമിഴ്നാട്, നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

ഇടുക്കി ചിന്നക്കനാലിൽ നിന്ന് കാടു കടത്തിയ കാട്ടാന അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലാണ് ഇപ്പോൾ. നിലവിൽ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ് ആന. കഴിഞ്ഞ ദിവസം മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ കണ്ടിരുന്നു.

തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേർന്നുള്ള ഭാഗമാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങൾ തോട്ടം തൊഴിലാളികളാണ് ഫോണിൽ പകർത്തിയത്. വനത്തിന്‍റേയും തോട്ടങ്ങളുടേയും അതിർത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം.

ജനവാസമേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങുന്നത് തടയാനായി വനം വകുപ്പ് ശക്തമായി നിരീക്ഷണം നടത്തുകയാണ്. മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read more

40 പേരടങ്ങുന്ന സംഘത്തെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.അരിക്കൊമ്പൻ പ്രശ്നമുണ്ടാക്കിയാൽ പിടിച്ച് കൂട്ടിലടയ്ക്കുമെന്ന് തമിഴ്നാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിന്നക്കനാലിൽ ഭീതി പടർത്തിയ അരിക്കൊമ്പനെ വനം വകുപ്പ് മയക്കുവെടി വച്ച് പിടിച്ചാണ് പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച് തുറന്നുവിട്ടത്.