കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തിരച്ചിലിന് വേണ്ടി ഡ്രഡ്ജറെത്തി. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴില്‍ എത്തിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ കാര്‍വാറില്‍ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്.
നിലവില്‍ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കുറവാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നാളെ ആരംഭിക്കും. നാവിക സേനയുടെ മേല്‍നോട്ടത്തിലായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടക്കുക. വ്യാഴാഴ്ച രാത്രിയോടെ ആണ് ഡ്രഡ്ജര്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെത്തിക്കുക.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ രണ്ട് പാലങ്ങള്‍ കടക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ വേലിയേറ്റ സമയം ആയതിനാല്‍ പാലം കടന്ന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് മുന്നോട്ട് പോകുന്നത്.
Read more
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന്റെ പൂര്‍ണ്ണമായ ചെലവ് വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്.