തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് എകെജി സെന്ററില്‍ വെച്ചായിരുന്നു നിശ്ചയം. അടുത്ത ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമ താരവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി മികച്ച വിജയം നേടിയാണ് സച്ചിന്‍ നിയമസഭയില്‍ എത്തിയത്.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെയാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ചുമതലയേറ്റത്. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ആര്യ കോര്‍പ്പറേഷന്‍ മേയറായത്.